കൊല്ലം: ടാക്സി ഡ്രൈവറെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 29 വർഷത്തിനുശേഷം രണ്ട് പ്രതികൾ അറസ്റ്റിൽ. ഏരൂർ കരിമ്പിൻകോണം തലയ്ക്കൽ പുത്തൻവീട്ടിൽ സുനിൽ കുമാർ (52), അശോക മന്ദിരത്തിൽ അജിത് (49) എന്നിവരെയാണ് ഏരൂർ പൊലിസ് അറസ്റ്റ് ചെയ്തത്.
1997-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ടാക്സി ഡ്രൈവറായ ഷൈജുവിനെ നാലംഗ സംഘം കൊലപ്പെടുത്താൻ ശ്രമിക്കുകയും സംഘർഷത്തിനിടെ ഷൈജുവിന്റെ വലതു കൈപ്പത്തി വെട്ടി മാറ്റുകയുമായിരുന്നു. കേസിൽ സെഷൻസ് കോടതി പ്രതികൾക്ക് ആറു വർഷം കഠിനതടവ് വിധിച്ചിരുന്നു.
ഇതിനെതിരെ പ്രതികൾ ഹൈക്കോടതിയിൽ അപ്പീൽ നൽകിയെങ്കിലും സെഷൻസ് കോടതിയുടെ ഉത്തരവ് ഹൈക്കോടതി ശരിവയ്ക്കുകയാണുണ്ടായത്. ഈ കേസിൽ രണ്ടാം പ്രതി നിലവിൽ വിചാരണ നേരിടുന്നുണ്ട്. മൂന്നാം പ്രതി വിചാരണയ്ക്കിടെ മരണപ്പെട്ടു. ഒളിവിലായിരുന്ന മറ്റ് പ്രതികളാണ് ഇപ്പോൾ പൊലിസിന്റെ പിടിയിലായത്.